Hello Wayanad!!

വയനാടെന്ന പേരിനൊപ്പം ഓർമയിൽ മായാതെ നിലക്കുന്ന ഒന്നുണ്ട് നമ്മുടെ താമരശ്ശേരി ചുരം!!  കുതിരവട്ടം പപ്പു എന്ന അതുല്യ കലാകാരന്റെ നാവിലൂടെ മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞുപോയ താമരശ്ശേരി ചുരം.

കോഴിക്കോടൻ രുചികളും കാഴ്ചകളും ആസ്വദിച്ചുകൊണ്ട് മലാപ്പറമ്പും കുന്ദമംഗലവും കൊടുവള്ളിയും താമരശ്ശേരിയും കടന്നു അടിവാരത്തെത്തുമ്പോഴേക്കും പച്ചവിരിച്ച പ്രകൃതി ഒരു കുളിരായി മനസ്സിൽ വിരിയുകയായിരിക്കും.

ലക്കിടി വ്യൂ പോയിന്റിൽ നിന്നുള്ള ആകാശക്കാഴ്ച്ചകൾ അതിമനോഹരമാണ്. ആകാശനീലിമയെ അങ്ങിങ്ങു മൂടി നിൽക്കുന്ന വെള്ള മേഘങ്ങൾ പകർന്നുതരുന്ന ദൃശ്യാനുഭൂതി തികച്ചും മാസ്മരികമാണ് . ഇളം കാറ്റേറ്റ് വളഞ്ഞുപുളഞ്ഞു പോകുന്ന വഴിയും അതിലൂടെ ഉറുമ്പുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും കണ്ടുകൊണ്ടു താഴേക്ക് നോക്കി നിൽക്കാനും രസമാണ്.